Thursday, November 23, 2017

കാണാത്തതു അതിമധുരം

കാണുന്നത്  സത്യം  എന്നാൽ  കാണാൻ  കഴിയാത്തതെല്ലാം  മിഥ്യയെന്നല്ല .  ഈയിടെയായി   സ്വപ്നത്തിൽ  ചില ഗന്ധങ്ങൾ കടന്നു  വരുന്നു . അത്  ഭൂതകാലവുമായി ബന്ധപ്പെട്ട് , നിറഞ്ഞ  സന്ധ്യക്ക്‌  വീശുന്ന    കാറ്റിൽ   മണക്കുന്ന പൂക്കളുടെയോ , ഒക്കെ  ആവാം . പക്ഷേ  ഒന്നിനും  വ്യക്തമായ  ഉത്തരമില്ല . പക്ഷേ അത് തിരിച്ചറിയാനാവുന്നുമുണ്ട് . പൊതുവെ  സുഗന്ധങ്ങളോട്  ഇഷ്ടമുള്ളത്  കൊണ്ട്  ആ  പരിചിത ഗന്ധം  ആവോളം  , ആസ്വദിക്കാൻ   പല പെർഫ്യൂം   സ്റ്റോറുകളിലും  കറങ്ങി  നടന്നിട്ടുണ്ട്. പക്ഷേ ,  ഉള്ളിലിരിന്നു  തിരിച്ചറിയാൻ  കഴിയുന്നതെന്തും  കണ്ടു ബോധ്യപ്പെടണമെന്നില്ല .മഞ്ഞു  തുടങ്ങി    സൂര്യൻ   സഞ്ചാരപഥം   കുറേശ്ശേ  മാറ്റി  മറയാൻ  തുടങ്ങുന്നതോടെ   പരിചിതമെന്നു   തോന്നുന്ന അപൂർവ  ഗന്ധങ്ങളും  ,  ചില   മങ്ങിയ  നിറങ്ങളും  ശ്വസിക്കുന്ന  വായുവിലും  , അടഞ്ഞു പോകുന്ന  കണ്ണുകളിലും   വിരുന്നു വരാൻ  തുടങ്ങും . ഇല്ലാത്ത  ഇത്തിരി  വെട്ടം  ഉണ്ടെന്നു  വരുത്തിതീർക്കാൻ  ജനാല കർട്ടനുകൾ  വലിച്ചു  തുറന്നിടും  അപ്പോൾ  സൂര്യൻ  വിളറിയ  ഒരു  ചിരി  പാസ്സാക്കും . പാതിരാപ്പണി  ചെയ്യുന്നവരോട്   അങ്ങേർക്ക്  പണ്ടെ  പുച്ഛമാ ! പിന്നേയും  കണ്ണടച്ചു  കിടക്കുമ്പോൾ  അതാണോർമ്മ വരുന്നത്‌ . ഈ  ഭൂമിയിലെ  ഏറ്റവും  സുന്ദരമായവ  കാണാനോ  തൊടാനോ  കഴിയില്ല . പക്ഷേ  അത്  ഹൃദയത്തിൽ തൊട്ടറിയാൻ  കഴിയും .അത് പോലെയാണ്  ചില  ഗന്ധങ്ങളും . ഇത്  വരെ  കാണാത്ത, അറിയാത്ത , കേൾക്കാത്ത  സുന്ദര വസ്തുക്കൾ  ഹൃദയത്തിൽ  അങ്ങനെ  തന്നെ  ഇരുന്നു  കൊള്ളട്ടെ ! അവയെ  തേടിയുള്ള യാത്ര  അർത്ഥശൂന്യമാണ്

Monday, November 13, 2017

വെള്ളെഴുത്തു വിശേഷം

മധ്യവയസ്കരായ  സ്ത്രീകൾ  നേരിടുന്ന  മാനസിക  പ്രശ്നങ്ങൾ  ചില്ലറയല്ല . നാൽപ്പതുകഴിയുന്നതോടെ  ഹോർമോണുകളുടെ  അപഹാരം  തുടങ്ങും . പിന്നെ  ഡിപ്രെഷൻ , ഉറക്കമില്ലായ്മ  , തേങ്ങാ , മാങ്ങാത്തൊലി അസ്വാസ്ഥ്യങ്ങൾ  വേറെയും . ഇതൊന്നുമല്ല  ഞാൻ പറഞ്ഞു  വരുന്നതു . ശാരീരികമായ  മാറ്റങ്ങളെ  ഉൾക്കൊള്ളാനുള്ള  ഒരു  വൈമുഖ്യം . ഈ  എന്റെ  കാര്യം  നോക്കൂ ! കേവലം   എന്റെ  കാഴ്ച്ചക്കു  സാമാന്യം  നല്ല  കുഴപ്പം  സംഭവിച്ചിട്ടു  കൊല്ലം  എട്ടായി . ആദ്യത്തെ  രണ്ടു  കൊല്ലം  ഞാൻ കണ്ണട  ഉപയോഗിച്ചു  നല്ല  കുട്ടിയായി . ആരോ  പറഞ്ഞു  കണ്ണട  നന്നായി  ചേരണു  മുഖത്തിന്  ന്നാ  പിന്നെ  വെക്കാല്ലേ ( പെണ്ണല്ലേ  വര്ഗ്ഗം )  പിന്ന്യാങ്കട് വെള്ളെഴുത്തു  തുടങ്ങി . ന്നാലും  ഇത്ര  നേരത്തെ  🙄🙄 വേണ്ടീരുന്നില്ല . കണ്ണടയൊരെണ്ണം  വാങ്ങി  പക്ഷേ  മനസ്സിനു  ചേരണില്ല . മനം   പോലെ മംഗല്യം . ഒരു  മാസം  തികച്ചില്ല്യ . ന്റെ  കോസ്‌കോ കണ്ണട  താഴേ  വീണു  ഡിം ! പൊട്ടി .  വേറൊന്നു  വാങ്ങണംന്നു  ആഗ്രഹംണ്ടു  പക്കേങ്കില്  അതു  വെക്കുമ്പോ  മനസ്സിലൊരു  വെള്ളെഴുത്തു  ഫീലാ . ഇതൊരു  മാനസിക  രോഗമാണോ ??  ഇതിപ്പോ  ടൈപ്പ്  ചെയ്യാൻ ഞാങ്കഴിച്ച  പാട് നിക്കേ  അറിയൂ . പണ്ടേ  ബുദ്ധിയുറക്കാത്ത  'അമ്മ , ട്യൂബ്  ലൈറ്റ്  അമ്മ  എന്നീ  കുറ്റപേരുകളുള്ള  അമ്മിണി  നീ  പൊട്ടക്കണ്ണി  'അമ്മ  പേര്  കൂടി  ലിഷ്ട്ടിൽ ചേർക്കാതെ  മര്യാദക്ക്  പോയി  വിഷൻ  ടെസ്റ്റ്  ചെയ്തു  കണ്ണട  വാങ്ങി  വരൂ   എന്നു   ഉള്ളിലിരുന്നു  ആരോ  കുറുങ്ങുന്നുണ്ടു. ശ്ശേ ! ന്നാലും  ആ  വെള്ളെഴുത്തു  കണ്ണട  അതും ഇത്ര നേരത്തെ  അടുത്ത  ആഴ്ച്ച  ആവട്ടെ , 
എന്തൊക്കെ  കാര്യങ്ങൾ വേറെ  കെടക്കണൂ ! ഞാൻ പോയി മുഖപൊസ്തകം  നോക്കട്ടെ 😮😮

Tuesday, November 7, 2017

കലഹിച്ചു പ്രണയിക്കുന്നവർ

പരസ്പരം  കലഹിച്ചു  പ്രണയിക്കുമ്പോൾ  തിരുത്തിക്കുറിക്കേണ്ടിവരുന്ന  ചിലരുടെ 
ആത്മഗതങ്ങൾ . നീ  കാറ്റായിരിക്കയും  എന്റെ  ചില്ലകളിലിരുന്നു  കുറുകി  ആവേശം  പൂണ്ടു ചുഴലിയായ്   വന്നെന്നെ വിഴുങ്ങുകയും  ചെയ്യുമ്പോൾ  എനിക്ക്  പറയാനുള്ളത്  . നിനക്ക്  ആവാഹിച്ചെടുക്കാൻമാത്രം  ഒന്നും  തന്നെ  എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ  കാണുന്ന  ഈ തെളിച്ചമെല്ലാം  ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം  ഊളിയിട്ടു എരിഞ്ഞു  തീരും മുൻപ്  പലരാലും  കുറിക്കപ്പെട്ട്  പിന്നെ  തനിച്ചാക്കപ്പെട്ട സുവനീയർ .അത്  മാത്രം  ബാക്കിയായി  ഈ ഞാനെന്ന  ഞാനായി  തന്നെ  ഇങ്ങനെ ഇരിക്കയും  ചെയ്യുന്നു . എനിക്ക്  ചുറ്റും  ഒരു  ഭൂതകാലം   വിങ്ങിപൊട്ടി  നിൽക്കുന്നു . ഭൂതം മാത്രമാണ്  സത്യമെന്നു  വിശ്വസിക്കുന്ന  ഒരു  കൂട്ടം ആളുകളോട്  ചങ്ങാത്തം  കൂടുന്നവർ  വിഡ്ഢികളാണ് .    പമ്പരവിഡ്ഢികൾ . അത്  കൊണ്ട്  നീ  മടങ്ങി  പോകുക , നിനക്ക്  കണ്ടു  കീഴടക്കാൻ  എത്ര പുതിയ  തീരങ്ങൾ , തണുത്തുറഞ്ഞു  പെയ്യാൻ    എത്രയെത്ര പൂങ്കാവനങ്ങൾ !  അതിനാൽ കാറ്റേ മടങ്ങിപ്പോവുക !

Saturday, October 28, 2017

പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ

പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ              :    ഉറക്കം  വരായ്മ  ഇൻസോംനിയ   ഒരു  മാനസിക പ്രശ്നമാണ് .  ഈ  മനുഷ്യനൊഴികെയുള്ള  ജീവജാലങ്ങളിൽ  പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത്  ഇരപിടിക്കാൻ  വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ്  .രാത്രി  ഉണർന്നിരിക്കേണ്ട   പകലുറക്കം  അഭിനയിക്കേണ്ടിവരുന്ന  ചിലരുടെ ബയോക്ലോക്കുകൾ  തല തിരിഞ്ഞു  പോകും  കാലക്രമത്തിൽ . ശ്ശേ ! എന്തിനാ  ഈ  ശാസ്ത്രം   മുഴുവൻ  ഇരുന്നു   വിളമ്പുന്നത് ?  ഒരു  കാലത്തു  ഉറങ്ങാൻ  ഏറ്റവും  കൂടുതൽ  ഇഷ്ടപ്പെട്ടിരുന്ന  പെൺകുട്ടി . സന്ധ്യക്ക്‌  വിളക്ക്  വെച്ചാൽ ( പഴയ  ഓട്ടു വിളക്ക് )  എട്ടാം  ക്‌ളാസ്സിൽ  പഠിക്കുമ്പോഴാ  വീട്ടിൽ  കറൻറ്  വന്നത് ) അത്താഴം  കഴിച്ചു  നേരെ  ഉറങ്ങാൻ  കിടക്കും .  കിടക്കുന്നതേ  ഓർമ്മ  കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര  നിറമുള്ള  ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ  അങ്ങനെ  അവൾക്കില്ലാതെ   പോയ  പലതും  വാങ്ങിച്ചു  കൂട്ടി  . ഏറ്റവും  നല്ല  ഒരോർമ്മ  കൊച്ചു  വെളുപ്പാൻ കാലത്തു  കണ്ട  ഒരു  കുന്നിൻപുറം  .   ഒരു  ചെറിയ  കാട്ടുമുയൽ   ഓടിപ്പോകുന്ന  കാഴ്ച്ച  കണ്ടു . അതിന്റെ  നെറ്റിയിൽ  ഒരു  വെളുത്ത  പാട്‌ . അന്നും ഇന്നും  നേരത്തെ  എണീക്കും .കുന്നപ്പിള്ളി  അമ്പലത്തില്  വെളുപ്പിന്  പാട്ടു  വെക്കും . എണീറ്റ്  വന്ന  പാടെ  അമ്മമ്മ  പറഞ്ഞ  ഒരു  ചുട്ടിയാൻ  മുയൽക്കുട്ടിയെ  കിട്ടീട്ടുണ്ട് , അയിനെ  'അമ്മ  വിട്ടിട്ടു   പോയതാ . സ്വപ്നത്തിൽ  കണ്ട  അതേ  മുയൽകുഞ്ഞു  എന്നാലും  കഷ്ടം  തോന്നി . നെറ്റിയിൽ  പാടുണ്ടായത്  അതിന്റെ  കുറ്റാ ? അതിന്റെ  അമ്മക്ക്  അയിനെ  വേണ്ടാത്രേ . തീറ്റ  കൊടുത്തു  അതിനെ  വളർത്തി . മുരുക്കിന്റെ  ഇല . കറുകപ്പുല്ല് ,വലുതായപ്പോ  പൊന്തയിലേക്കു  തൊറന്ന്  വിട്ടു . ഉറക്കത്തേപറ്റിയാണ്  പറഞ്ഞു കൊണ്ടിരുന്നത് . ഈ  തൊഴിലിനെറങ്ങി  പൊറപ്പെടുപ്പോ  അമ്മമ്മ  പറഞ്ഞു  അമ്മിണി  ഉറക്കം  കുറയും  ട്ടോ . പലരും  കളിയാക്കി . ഫസ്റ്റ്  ഷോ  കഴിഞ്ഞു   തോളിലിട്ടു  കൊണ്ടരണ  മൊതലാ ഈ  പണിക്ക്  പോണ്  , തമ്പുരാൻ  കണ്ടു . എന്തിനു  പറയണൂ  ദാ  ഇവിടെ എത്തി  നിൽക്കുന്നു . സ്വപ്‌നം  കാണുന്നതിന്  ഇപ്പഴും യാതൊരു  പഞ്ഞവുമില്ല . ചിലപ്പോൾ  ക്ഷണിക്കാത്ത   അതിഥിയെപ്പോലെ  പതുങ്ങി    വരുന്ന  ഉറക്കം  ഉള്ളിലുള്ള ആവിയേ  കണ്ണിലൂടെയും  മൂക്കിലൂടെയും  ചെവിയിലൂടെയും  പറത്തി   വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു  ഒരു  ദിവസം  ഉറങ്ങി  ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ  സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം  തല തൊട്ടു മുടി വരെ  ഡോണർ വെബ് സൈറ്റിൽ  രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150  പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും  ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ്    പാതിരാനത്തുകൾക്കു  സമർപ്പിക്കുന്നു 😌😌

Friday, October 13, 2017

പനിയോർമ്മകൾ

പനിയോർമ്മകൾ                                          പനിച്ചു കിടക്കയാണെങ്കിൽ , നല്ല  പെരുമഴക്കാലത്തു  സ്കൂളീ  പഠിക്കുമ്പോ  കിടക്കണം . കാറ്റടി കൊണ്ട് , നനഞ്ഞ കരിമ്പൻ  മണക്കുന്ന  യൂണിഫോമിട്ടു  സ്കൂളീപോവണ്ട . നല്ല പുൽപ്പായയിൽ   അമ്മമ്മേടെ  തവിട്ടു നിറമുള്ള  കരിമ്പടം  പുതച്ചു  ചുരുണ്ടു  കൂടികിടക്കാം .  പുറത്തു  കാറ്റിന്റെ  താളത്തിനൊത്തു  ഓട്ടിൻപുറത്തു  വീഴുന്ന  മഴത്തുള്ളികൾ കേട്ടുകൊണ്ടങ്ങനെ .സന്ധ്യാനേരങ്ങളിൽ  മഴയേ  എന്തോ  ഇഷ്ടമായിരുന്നില്ല ., അത്  ഏതോ  പെൺകുട്ടിയുടെ  കരച്ചിൽ പോലെ  ഉള്ളിലിരുന്നു  വിങ്ങി .  ഇപ്പോഴത്തെ  വിഷാദം  അന്നും  കുറേശ്ശെ  ഉണ്ടായിരുന്നിരിക്കണം  .  അമ്മമ്മയോടത്  പറഞ്ഞപ്പോൾ , മനസ്സ്  പിടി കിട്ടാത്ത  ഒരു  സംഭവമാണെന്നും , നല്ല പകൽവെളിച്ചത്തിൽ  മഴയേ  കണ്ടുനോക്ക്  , വ്യത്യാസം  അറിയാം  എന്നും  പറഞ്ഞു . വർഷത്തിൽ  ഒരു  വട്ടമെങ്കിലും  പനി പിടിക്കുക  പതിവുണ്ട് . തലവേദനക്ക്  അമ്മമ്മയുടെ , നെറ്റിയിൽ ,  മച്ചിങ്ങ  അരച്ചിടൽ , പിന്നെ  പേരക്കൂമ്പു  കഷായം . കഷായത്തിൽ  കുരുമുളക്  അധികം  ചേർത്താൽ  അമ്മിണി  കുടിക്കില്ലാന്നു  അമ്മമ്മക്കറിയാം . പൊടിയരിക്കഞ്ഞി , ചുട്ട  പപ്പടം . അങ്ങനെ  പോവുന്നു  ചികിത്സ മുറകൾ .രാത്രി  ധന്വന്ദരം തൈലം  മണക്കുന്ന  , കാച്ചെണ്ണയുടെ  മണമുള്ള അമ്മമ്മയെ  മുറുക്കികെട്ടിപ്പിടിച്ചു  കിടന്നുറങ്ങാം . ഏഴാംക്ലാസ്സിലെ  ഒരു  മഴക്കാലത്തു  ഉറങ്ങാൻകിടന്നു  കണ്ണുംതുറന്നു നോക്കിയപ്പോൾ  ചുറ്റിലും  ഒരാൾക്കൂട്ടം , ആരൊക്കൊയോക്കൂടി  “ഒന്നൂല്ല്യ  , ജ്വരംണ്ടു  കുട്ടിക്ക്  “ വിളിച്ചു  കൂവണുണ്ടു. ചെവിയാകെ  കൊട്ടിയടച്ച  പോലെ  . ആളുകൾ ഭാരമില്ലാതെ  ഇങ്ങനെ  ഒഴുകി  നടക്കണ  കാണാൻ  നല്ല  രസം . അതിനിടയിൽ “ ഒരു  പതറിയ  ശബ്ദം  പരിചയമുള്ളത്  “ കണ്ണു  തൊറക്കമ്മിണി  അമ്മമ്മേടെ  മോള്‌  കണ്ണ്‌  തുറക്കു “ പിന്നേയും   ആൾക്കൂട്ടം . ഇതിനിടയിൽ  ഡ്രൈവർ  പറയണ  കേട്ടു  കുട്ടി   പനിച്ചു  വശം കെട്ടിരിക്കാ , ആരെങ്കിലും  തോളിലിട്ടാ  നിക്കാറ്  മണിക്ക്  കുന്നപ്പള്ളിക്ക് ഓരോട്ടംണ്ട്‌ . ഇതു  കേട്ട പാതി  എന്നെക്കാളും  ഒൻപതു  വയസ്സ്  മൂപ്പുള്ള  എന്റെ  അമ്മാവൻ  ആറാടിക്കാരൻ  അശുവായ  എന്നെയും  തോളിലിട്ട്  ഒരു  നടത്തം  വെച്ച്  കൊടുത്തു  .  അന്നത്തെ  ഗവണ്മെന്റാശുപത്രികൾക്കു   എരിവുള്ള  ഫിനൈലിന്റെ  മണമായിരുന്നു . തടിച്ച   വട്ടക്കണ്ണട  വെച്ച  നേഴ്‌സമ്മ  അമ്മമ്മയോടു  കയർക്കുന്നതു  കേട്ട് . ഗ്ളൂക്കോസ്  കേറ്റാൻ  നേരം  കുട്ടിക്ക്   സൂചി  പേടിയാ , പതുക്കെ  കുത്തണെ  എന്നു  പറഞ്ഞതിനാണ് . പെൺകുട്ടികളായാൽ  കുറച്ചു  വേദന  തിന്ന്  പ്രാക്ടീസ്  വേണമെന്നതാണ് നാട്ടുനടപ്പ്  അഞ്ചുദിവസത്തെ  ആശുപത്രി വാസം  കഴിഞ്ഞു  വീട്ടിലെത്തിയ  എന്റെ  രൂപം  കണ്ടു സകലരും  ഞെട്ടി .അമ്മിണി  അരപ്രാണനായി  എന്നമ്മമ  പറഞ്ഞപ്പോൾ  തെക്കേതിലെ   നാണിയമ്മൂമ്മ  പറഞ്ഞ  ഡയലോഗായിരിന്നു  ചങ്കിൽ  തറച്ചത് . പണ്ടേ  കാരച്ചിരുന്ന കൊച്ചാ , ദാ  കണ്ണും  മുടീം  മാത്രംണ്ടു , പിശാശ്  ഈമ്പിയ  കൂട്ടു , നിങ്ളാ  വൈദ്യരോട്  പറഞ്ഞു  കഷായതിനെഴുതി  വാങ്ങെന്റെ  മറിയം  ചേടതാരെ “ കഷായം  ന്ന്  കേട്ടതും  നിക്ക്  മനം പെരട്ടൽ   വന്നു .ഞാനോടിപ്പോയി   തെങ്ങിൻ തടത്തിൽ  ചെന്ന്  അണ്ണാക്കിൽ  കയ്യിട്ടു ഛർദിക്കാൻ  തുടങ്ങി  . അമ്മമ്മക്കതു  താങ്ങാനായില്ല . ആശാന്റെ  കട  തൊറക്കട്ടെ . വെല്ല  ച്യവനപ്രാശോം  വേടിക്കാംന്നായി . അങ്ങനെ  ഒരു  സംഭവബഹുലമായ  പനിക്കാലം . ഇന്നിവിടെ  നൂറ്റിയൊന്ന്  ഡിഗ്രി  പനിച്ചു  കിടക്കുമ്പോൾ  എന്റെ  അലാറം  കൃത്യ സമയത്തു  അടിച്ചു കൊണ്ട്  എന്തൊക്കെയാണ്  കാര്യപരിപാടികളെന്നു  ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു .  എപ്പോഴും  അടച്ചു പൂട്ടിയ  ജനാലകളും  വാതിലുകളുമുള്ള  വീട്ടിൽ  നിശബ്ദതയെ കീറിമുറിച്ചു  നിരത്തിലോടുന്ന  ആംബുലൻസിന്റെ  സൈറൺ , വല്ലപ്പോഴും  കേൾക്കാം  ഒരു  തീവണ്ടിയുടെ  ചൂളം  , പിന്നേ  മിതഭാഷിയായ  മകനും  ഞാനും . . എന്നാലും  ഒരു  പട്ടിക്കാട്ടുകാരിയായ  ഞാൻ  എങ്ങനെ  ഇവിടെ ? പനിച്ചു  വിറച്ചു  കിടക്കുമ്പോഴും   എന്നെ  ആശ്രയിച്ചു  ജീവിക്കുന്ന   ഒരു   കുട്ടം  ജീവജാലകളുണ്ടിവിടെ . അമ്മേ  എനിക്കു  വിശക്കുന്നു , എന്നെ   പുറത്തേക്കു വിടൂ , എന്റെ  പുറം  തടവി  തരൂ  തുടങ്ങിയ നീണ്ട  ലിസ്റ്റുമായി . അമ്മയുടെ  വയ്യായ്ക  അവർക്കറിയണ്ട , അതറിഞ്ഞിട്ടു  കാര്യവുമില്ല . ഇന്ന്  അതി  രാവിലെ  വീട്ടിലെ  പട്ടിക്കുട്ടി  കുരച്ചു  എഴുന്നേൽപ്പിക്കുമ്പോൾ , പനിച്ചു  ദേഹം വേദനയായി  കിടന്നിരുന്ന  ആളുടെ ആത്മഗതങ്ങൾ , ഇത്  തൊണ്ണൂറ്റിയഞ്ചു  വയസ്സായ  അമ്മമ്മയോടാണ് , ഒരിക്കലും  വലുതാവേണ്ടിയിരുന്നില്ല , പനിക്കുകയാണെങ്കിൽ അമ്മമ്മ  അടുത്ത്  വേണം , നെറ്റിയിൽ , മച്ചിങ്ങ  അരച്ചിട്ടു തരണം , ചുക്ക്  കാപ്പി  വെച്ച്  തരണം . കുരുമുളക്  മേമ്പൊടിക്ക് .ആ  കരിമ്പടം അത്  കീറിപ്പോയോ  ! മിസ് യു

Thursday, October 12, 2017

കൂർക്കം വലിയുടെ സാങ്കേതിക വശങ്ങൾ

ധീം  തരികിട  തോം , ഒന്ന്  പിടിച്ചു  നിൽക്കാൻ  ഒരു  രക്ഷയും  നഹീം  നഹീം . ഞാനീ  പറഞ്ഞു  വരുന്നത്  എന്താണെന്ന്  വെച്ചാൽ  , എനിക്ക്  അടിയന്തിരമായി  ഒരു  ഡോക്‌ടറെ  കാണേണ്ട  ആവശ്യം  ഉണ്ടായിരിക്കുന്നു . ഈ  സന്ദർഭം  അൽപ്പം  സീരീയസായിതന്നെ ഞാൻ    കുടുംബത്തുള്ളവരോട് വളരെ  പണ്ടു  അവതരിപ്പിച്ചിട്ടുണ്ട്  . ഇതിൽ  കൂർക്കം വലിയാണ് വില്ലൻ . അതേ കൂർക്കം വലിക്കുന്നവരിൽ   സ്‌ലീപ്പ്‌  ആപ്നിയ  എന്ന  സ്‌ഥിതിവിശേഷമുണ്ടാകാം . ഉറങുമ്പോൾ   എയർവേ  ബ്ലോക്ക്  ആയി  മരണം  വരെ  സംഭവിക്കാം . അത് കൊണ്ട്  പൊണ്ണത്തടി  വരാതെ സൂക്ഷിക്കണം .  ഇനി  കൂർക്കം   വലിക്കുന്നവർ  ഈ  അപകടം  ഒഴിവാക്കാൻ  സീ പാപ്   എന്ന  മെഷീൻ   ഉപയോഗിക്കണം . ഈ  പാഠം  വീട്ടിലുള്ള  സകലർക്കും  അറിയാം . ഇന്നലെ  ജോലിക്ക്   പോകാൻ  ധൃതിയിൽ  ഇറങ്ങുമ്പോൾ ചെറിയ  മകൻ  'അമ്മ  നിക്ക്  സംസാരിക്കണം , നേരമില്ലെങ്കി  റ്റുമോറൊ , ശ്ശെടാ , സസ്‌പെൻസും  ബെച്ചു  ജോലിക്ക്  പോവെ ? പറഞ്ഞോളൂ , പൊതുവേ  മിതഭാഷിയാണ് . “അമ്മാ  യു  ആർ സ്നോറിങ്‌   “ 😳😳😳, ഇതു  കേട്ടതും  മോനേ  അതു  പിന്നേ  'അമ്മ ടയേഡ്  ആയിട്ടാവും . അതല്ല , എവെരി ഡേ  ഞാൻ  കേൾക്കാറുണ്ട് . 'അമ്മ  ഡോക്‌ടറെ  കാണണണം . പ്ളീസ്  . (അവന്  പേടിയായിട്ടാ , ഉറക്കത്തിൽ  വടിയായാൽ   ഇവിടാരുംല്യ ) ഞാൻ  ചെറുത്തു  നിൽക്കാനുള്ള  പുറപ്പാടിലാണ് . കൂർക്കം വലിക്കാനോ ? 😧 ഈ  ഞാനോ ?  ഏയ്   ! ചാൻസേ  ഇല്ല പിന്നെയും  എന്തൊക്കെയോ  പറയണം എന്നുണ്ടായിരുന്നു  ,  പക്ഷേ  അവനെങ്ങാനും വല്ല  വീഡിയോ  പിടിച്ചു  കാണിച്ചാൽ ഉള്ള മാനോം  പോവും . ന്നാലും  ഇതെങ്ങനെ സംഭവിച്ചു ? ശ്ശെ ! ഇങ്ങനെ  ബിചാരിച്ചു  ജോലിക്കു  ചെല്ലുമ്പോ  58   ബി  എം  ഐ  ഉള്ളൊരു രോഗി . സാമാന്യം  നല്ല  കൂർക്കം  വലിക്കാരി . ഡീപ്  സ്ലീപ്പിൽ  ഓക്സിജൻ  ഡ്രോപ്പ്  ചെയ്യുന്നുമുണ്ട് . സ്ലീപ്പ്  അപ്നിയയെപ്പറ്റി  ക്‌ളാസ്സെടുത്തപ്പോ    പറയാ  ടയേഡ്  ആയിട്ടാ ആ  കുന്ത്രാപ്പിന്റെ  ആവശ്യില്ലത്രേ  🙄🙄 ! ദേ  കെടക്കണ്‌ . ആരേം  കുറ്റം  പറഞ്ഞിട്ട്  കാര്യംല്ല  ടയേഡ്  ആയാ  പിന്നേ  കൂർക്കം  വലിക്കാണ്ടെ  എന്താ  ചെയ്യാ 😮😮😮. ഫീലിംഗ്  കൂർക്കം  വലി 😴😴😴- Dedicating to  all sweet snoring people out there

Tuesday, October 3, 2017

ചക്ക മാഹാത്മ്യം

ചക്ക  മാഹാത്മ്യം                                               ഫ്രിഡ്ജ്  ഒതുക്കി പെറുക്കുമ്പോളാണിത്     കണ്ണിൽപ്പെട്ടതു , എന്നെപ്പോലെ  വികലാംഗനയായ . പാവം  ഒന്നരക്കാലി  എന്റെ  മാതാവ്  ചക്കക്കാലം  കഴിയും മുമ്പ്  ചട്ടിയിലിട്ടു  വരട്ടി  പാകമാക്കി  തന്നു  വിട്ടത്  . ഇതെടുത്തു  ഭക്ഷിക്കാനൊരുമ്പെട്ടതാണ് . പക്ഷേ  പല  സാങ്കേതിക  പ്രശ്നങ്ങൾ കൊണ്ട്  മാറ്റിബെക്കേണ്ടി വന്നു  . മൂത്തവൻ  ഭയങ്കര  ഹെൽത്ത്  കോൺഷ്യസ്  😳😳 അമ്പമ്പോ ! മറ്റവനിതു  പുടിക്കാത് ! അൽവലാതീസ്‌ , ചക്ക മാഗാത്മ്യത്തെപ്പറ്റി  എന്തറിയാം ?🙄 ഇനിയിതു  സമാധാനത്തിൽ  സ്വയം അകത്താക്കാം  ന്നു  കരുതി  പാക്കറ്റ്  ഓപ്പൺ  പണ്ണിയതും  ദാ   നിക്കണ്‌  തൊട്ടു  മുൻപിൽ  ! അമ്മാ “ എന്താ  ചെയ്യണേ ? ഇറ്റ്സ്  പാക്ക്ഡ്  വിത്ത്  കാർബ്‌ “. (നുമ്മക്ക്  അറിയാത്ത  പോലെ ഹൂ  കെയേഴ്‌സ്  ബ്ലഡി  ഫുൾസ് ? 🙄🙄)ഇനി   ഡയബീറ്റിസ്  കൂടി  വന്നാൽ ,  പണ്ടാരം . തുറന്ന  മുറുക്കാൻ   പൊതി  അങ്ങനെ  തന്നെ  അടച്ചു  വെച്ചു . ഇതു  വരെ  പഞ്ചാരയുടെ  അസുഖമില്ല ( 😜😜😜അസൂയക്കാർ  അങ്ങനെ പലതും  പറയും ) എന്തായാലും  കഴിക്കാനുള്ള  മൂഡ്‌  പോയി  . സാധനം  ഫ്രിഡ്ജിൽ  മറന്നും  പോയി  . ഇപ്പോ  താൻ  കണ്ടു   കണ്ടുപുടിച്ചിട്ടാ  😍😍! പറമ്പില്  വാഴ   നിന്നു  കരിയും  മുൻപേ   ഇതു  കൂട്ടി  കുഴച്ചു  തൃശൂർ  സ്റ്റൈലിൽ  രണ്ടട  ചുട്ടു  തിന്നിട്ടു  ഷുഗറിന്റെ  അസ്ക്യത  വന്നാൽ  മതീന്ന്  റൊമ്പ  ആസപ്പെടറാ  😌😌 ന്തേയ്?   

Sunday, October 1, 2017

നരപുരാണം

       നര  പുരാണം                                           നരച്ച  തലമുടിക്കും   അമ്മിണിയുടെ   പോക്കറ്റ് മണിക്കും  തമ്മിൽ  മുജ്ജന്മ ബന്ധമുണ്ട്  ഈ  പോക്കറ്റ്  മണി  എന്ന്  പറയുമ്പോ  നൂറിന്റെയോ  പത്തിന്റെയോ  നോട്ടായി  തെറ്റിദ്ധരിച്ചേക്കരുത്  പൊന്നുങ്കട്ടേ . ഇത്  പറഞ്ഞു  വരുമ്പോൾ  നന്നേ കുട്ടികളായ   അമ്മിണിക്കുട്ടിയും  അനിയൻകുട്ടിയും   മണ്ണപ്പം  ചുട്ടുകളിച്ചിരുന്ന  കാലത്തെ  കഥയാണ്  സൂർത്തുക്കളെ . എന്നും  സ്‌കൂളിൽ  പോകുമ്പോൾ പള്ളിനടയിലെ  ലോനപ്പാപ്പന്റെ  പെട്ടിക്കടേലെ  ചില്ലുഭരണിയിലിരുന്നു  മുഴുത്ത ഉപ്പിലിട്ട  ലൂബിക്കയും , തേൻനിലാവ്  മിട്ടായിയും  ഞങ്ങളെ  നോക്കി കണ്ണുരുട്ടിയും സൈറ്റടിച്ചും പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു   .  പക്ഷേ  കുട്ടികൾക്ക്  കാശുകൊടുത്തു  അവരുടെ  സ്വഭാവംവെടക്കാക്കുന്നതിൽ  കുടുംബക്കാർക്കു  യാതൊരു  താൽപ്പര്യവും  ഉണ്ടായിരുന്നില്ല  ( കാശില്ലായിരുന്നു  എന്ന  യാഥാർത്യം കുട്ടികളറിയേണ്ട  എന്നാവും )ആണ്ടിനും  സംക്രാന്തിക്കും  വീട്ടിൽ  വന്നിരുന്ന  പിതാവ്  ഇക്കാര്യത്തിൽ   ദുരിതാശ്വാസഫണ്ടിന്  വകുപ്പുണ്ടാക്കിത്തന്നു  . പക്കേങ്കില്  മേലനങ്ങി  പണിയെടുക്കണം .  അന്ന്  കക്ഷി ,  എം  ജി  സോമന്റെ  കൂട്ട്  ഒരു  സുന്ദരനാണു .  കുട്ടിക്കൂറ  പൗഡർ  പൂശിയാണ്  നടപ്പു   . 21  വയസ്സിൽ  പിടിച്ചു  പെണ്ണ്കെട്ടിച്ചത്  കൊണ്ട്   എപ്പോഴും  കുട്ടിക്കളിയെന്നു  സ്വന്തം  ഭാര്യ  ( ഇതിൽ  കാര്യമായ  മാറ്റമൊന്നും   ഇതു  വരെ  സംഭവിച്ചിട്ടില്ല ) .  എങ്ങനെ  മിനുങ്ങി  നടന്നാലെന്താ ? അതാ   കുറേശ്ശേ  നരക്കാൻ  തുടങ്ങിയിരിക്കുന്നു  . പക്ഷേ  വഴിയുണ്ട് . ഞാനും  എന്റെ  സഹോദരനും  കൂടി  കൊട്ടേഷൻ നരച്ചതു  പിഴുതെടുക്കണം . എപ്പടി ? ഒരു  മുടിക്ക്  അഞ്ചു  പൈസ . പക്ഷേ  കറുത്ത  മുടി  പറിച്ചാൽ  ഫൈൻ . എന്റെ  സഹോദരൻ  പിതാവ്  വായും  തുറന്ന്  ഉറങ്ങുമ്പോൾ   ഒരു  ദാക്ഷിണ്യവും  കൂടാതെ  കൈപ്പിടിയിൽ  ഒതുങ്ങുന്നതത്രയും  പറിച്ചെടുത്തു  ഗോളടിക്കുമായിരുന്നു . ഞാനാകട്ടെ  നരച്ചതു  നോക്കി   തൂക്ഷിച്ചു  പാവം . ഈ  വിദ്യയെങ്ങാനും  എന്റമ്മയുടെ  ബുദ്ധിയിൽ  തെളിഞ്ഞെങ്കിൽ  തെണ്ടിപ്പോയേനെ . കാരണം  ഓർമ്മ  വെച്ച  കാലം  മുതൽ  കക്ഷി  പാതി  കുമ്പളങ്ങതലച്ചിയാണ്  അതേ  പാരമ്പര്യം  നിക്കും  കിട്ടി . ങാ  എത്ര  നാൾ  ഈ നര  മറച്ചു  പിടിക്കും  ?  തൊലി  ചുളിഞ്ഞാൽ  നിർത്താം  ! ന്തേയ്  !

Thursday, September 14, 2017

ഒരു രോഗിയുടെ ഡയറികുറിപ്പ്

ഒരു  രോഗിയുടെ  ഡയറികുറിപ്പ് -                നാട്ടിലേക്ക്  തിരിച്ചുവരാൻ 3  ദിവസം  മാത്രം  ബാക്കി നിൽക്കുന്നു . കയ്യിലിരിക്കുന്ന  ലാബ്  റിസൾട്ടുകൾ  ചോദ്യചിഹ്നം  പോലെ . അതിൽ  മിക്കവയും  നോർമൽ  അല്ല  എന്ന് റിപ്പോർട്ടിൽ  പറയുന്നുമുണ്ട് .   തിരിച്ചു  കൊണ്ട്  പോകേണ്ട  സാധനങ്ങളുടെ  ലിസ്റ്റ്    ഒരു രണ്ടു മീറ്റർ  നീളം  വരും .  വൈദ്യരെ  കാണണോ  അതോ  ഷോപ്പിംഗിനു  പോകണോ  എന്ന  കൺഫ്യൂഷ്യനിൽ  നിൽക്കുമ്പോൾ   ഫോൺ  റിങ് ചെയ്യുന്നു . അമ്മയാണ് . ഡോക്‌ടറെ  കണ്ടിട്ടെന്തായി  എന്ന്  ചോദിക്കാനാവും .തിരക്കായതുകാരണം   ഇന്നാണ്  അപ്പോയ്ന്റ്മെന്റ്  കിട്ടിയതെന്ന് പറഞ്ഞു  ഉരുണ്ടു പിരണ്ട്‌  തടി തപ്പി .  തന്റെ  തനിനിറം  അറിയാവുന്നതുകൊണ്ടോ  എന്തോ , മര്യാദക്ക്  പോയ്  ഡോക്‌ടറെ  കാണൂ  എന്ന   താക്കീതും . കൃത്യം  പത്തു മണിക്ക്  വണ്ടി  വന്നു , കൂട്ടിന് പറ്റിയൊരാളും  . എന്നാൽ  പിന്നെ ഇരിങ്ങാലക്കുടക്ക്  വിട്ടാലോന്ന്‌  ഡ്രൈവർ  ചോദിച്ചപ്പോൾ "  ന്നാ  ശരീന്നു  പറഞ്ഞു . സ്റ്റാൻഡിന്റെ  പരിസരത്തെ  ഹാൻഡിക്‌റാഫ്റ്  കട  കേറിയിറങ്ങുമ്പോഴാണ്   കൂട്ടുകാരി  ഒരു ആയുർവേദ ഡോക്‌ടറുടെ  ബോർഡ്  കാണിച്ചു  തന്നത് . തീരെ  തിരക്കില്ല ,   എന്നാൽ  ഒന്ന്  കേറിക്കളയാം  . ഒരു  യോഗയുടെ  ബോർഡും  തൊട്ടടുത്ത്  സ്ഥാപിച്ചിട്ടുണ്ട്  . പുറത്തു നിന്ന്  പഴയ  കാരണവന്മാരുടെ  സ്റ്റൈലിൽ  കൂട്ടുകാരി  ചുമച്ചു , ( ഇവളെന്താ , വല്ല  ക്ഷയരോഗികളുടെ  കണക്ക്‌ )  ഉടനടി  , കടന്നു  വരൂ  എന്ന്  കേട്ടു . ജീവിതത്തിലാദ്യമായി  എനിക്കവളോട്  ആരാധന  തോന്നി.കടന്നു  വരൂ  എന്നു  കേട്ടതും  ഞങ്ങളിരുവരും  കൂടി  അകത്തേക്ക് ഏകദേശം  ഒരു  എഴുപതു  വയസ്സ്  തോന്നിക്കും , മുഖത്തു   കണ്ണടയുണ്ട് , ചേനത്തലയിൽ   ഉള്ള  മുടി  കറുപ്പിച്ചിരിക്കുന്നു  അതുപോലെ  തന്നെ  മീശയും , രോഗി  നിങ്ങളാണല്ലേ  എന്നർത്ഥം  വെച്ച  ചോദ്യം  കേട്ട്  ഒന്ന് ഞെട്ടി . അപ്പോൾ  തനിക്ക്  ഒരു  രോഗി  ലുക്ക്  ഉണ്ടായിരിക്കുന്നു , പരിഭ്രമം  പുറത്തു കാട്ടാതെ  എളിമ  അഭിനയിച്ചു   തലയാട്ടി .നിങ്ങൾ  പുറത്താണല്ലേ ? പിന്നെയും , അതിശയഭാവത്തിൽ  അയാളെ നോക്കി . അമേരിക്കയിൽ ? ദൈവമേ ! ഇയാൾ  എന്തിനുള്ള  പുറപ്പാടാണ് ?കൂടെ  വന്ന  കൂട്ടുകാരിയെ  അർഥം  വെച്ചു ഒന്ന്  നോക്കി  . അവളാണെങ്കിൽ  ദയനീയ ഭാവത്തിൽ  സത്യമായിട്ടും  ഇങ്ങേർക്ക്  മുഖലക്ഷണം  പറയുന്ന  ദുശീലമുണ്ടെന്നു  അറിയില്ലായിരുന്നു  എന്ന  മട്ടിൽ  ഒരു നോട്ടം  സമ്മാനിച്ചു . ഇനി  ധരിച്ചിരിക്കുന്ന വേഷമാണെങ്കിൽ   ഖാദിയുടെ  ഒരു  ചുരിദാർ . അയാൾ നിർത്താനുള്ള  ഭാവമില്ല . നിങ്ങളുടെ  ദുർമേദസ്സാണ്  എല്ലാ  അസുഖങ്ങൾക്കും  കാരണം . ങേ ! എന്താ  പറഞ്ഞേ ? എന്റെ  ശരീരഭാരം  ഉയരത്തിനു  അനുപാതികമാണ് . പിന്നെയും  അയാൾ  എന്തൊക്കെയോ  പറയുന്നുണ്ടു . പക്ഷേ  എന്റെ  താൻ  പോലും  കാണാതെ  മൂടി  വെക്കപ്പെട്ട  അന്ത  തൊപ്പൈ  എപ്പടി  കണ്ടുപുടിചിരിക്കാ? ശ്വാസം   ഉള്ളിലേക്ക്  പിടിച്ചു  വയറൊട്ടിച്ചു , ഒളിപ്പിച്ചു  എത്ര നേരം ഇരിക്കും ? അതും  അയാൾ  കണ്ടു  പിടിച്ചു .  റിലാക്സ്  എന്നൊരു  താങ്ങും . നിങ്ങൾക്ക്  രണ്ടാൺകുട്ടികളല്ലേ  എന്ന  അടുത്ത  ചോദ്യം  എന്നെ  ഞെട്ടിച്ചില്ല ,നിങ്ങളുടെ  ശരീര പ്രകൃതി  അത്  വിളിച്ചുപറയുന്നു  എന്ന  കമന്റും  പാസ്സാക്കി . ഇത്  കേട്ട നിമിഷം  അവിടെ  നിന്ന് എങ്ങോട്ടേക്കെങ്കിലും  ഓടി  രക്ഷപ്പെട്ടാൽ  നന്നായെന്ന്  തോന്നി . നിങ്ങൾ  പരിപൂർണ്ണ  ആരോഗ്യവതിയാണെന്ന്‌   അയാൾ  പിന്നേയും  പറഞ്ഞുകൊണ്ടിരുന്നു .അപ്പോഴാണ്  നെറ്റിയിലെ  കറുത്ത പാടുകൾ  അയാളുടെ  കണ്ണിൽ പെട്ടത് . അതിനുള്ള  ചൂർണ്ണവും   , ക്രീമും  എഴുതുമ്പോൾ , ഈ  പാടല്ല  ചെന്നിക്കുത്താണ്  ഏറ്റവും  ഭീകരൻ  എന്ന്  പറയേണ്ടി  വന്നു . കാരണം  അത്  വരെ   അയാൾ  സംസാരിക്കാൻ  ഒരവസരം  തന്നതുമില്ല . ചെന്നിക്കുത്തിനു  തന്റെ  കയ്യിൽ  റിക്കി  ചികിത്സയുണ്ടെന്ന്  പറഞ്ഞതും  ഒന്ന്  പരീക്ഷിച്ചാലോ  എന്ന  തോന്നൽ . എന്നാൽ  അതിനു  മുൻപായി ബ്ളാഡർ  എംപ്റ്റി  ചെയ്യൂ എന്നു  പറഞ്ഞു . ചെരുപ്പെടുക്കാനായി   ഫ്രന്റ്  ഡോറിനടുതേക്ക്‌  പോകുമ്പോൾ  ചെരുപ്പിന്റെ  ആവശ്യമില്ലത്രേ . ചെരിപ്പില്ലാതെ  പബ്ലിക്  ബാത്ത്  റൂമിൽ  ? കൂടെ  വന്നയാളെ  കണ്ണുരുട്ടി  ചെരുപ്പും  സംഘടിപ്പിച്ചു . റിക്കി  ചെയ്തു  കൊണ്ടിരിക്കുമ്പോൾ  അയാളുടെ  വക  കണ്ടുപിടുത്തങ്ങൾ ! നിങ്ങള്ക്ക് തീരെ  വിശ്വാസമില്ല !   ആർക്കാണത്  അറിഞ്ഞു കൂടാത്തത് ?ഇത്  കേട്ടതും  ആദ്യം  അദ്‌ഭുതം  കൊണ്ടും പിന്നെ  രോഗിയുടെ  മുഖത്തെ  ദേഷ്യം  കണ്ടുകൊണ്ടും  കൂടെ  വന്നയാൾ  ചിരിക്കാൻ  തുടങ്ങി . ആരും  കാണാതെ അവൾക്കിട്ടു  ഒരു  ചവിട്ടു കൊടുത്തതും ! അയ്യോ ! ഇത്  കേട്ടതും  അയാൾ , ഞാൻ  പറഞ്ഞില്ലേ ! ചിലപ്പോൾ  വേദനയുണ്ടാകുമെന്നു , ഇനി  പറയണം  കേട്ടോ ? സമ്മതിച്ചു . എല്ലാം  കഴിഞ്ഞു , അവസാനം  രോഗിയുടെ  ഊഴമായി . കയ്യിലിരുന്ന  ലാബ്  റിപ്പോർട്ട്  അയാളെ  കാണിച്ചു . തന്റെ  അസുഖം  ഇതാണെന്നും , ഇതിനൊരു  പ്രതിവിധി  തേടി  വന്നതാണെന്നും  പറഞ്ഞപ്പോൾ  അയാൾ " ഇതെന്തുകൊണ്ട്  മുൻപ്  പറഞ്ഞില്ല ?", ഡോക്‌ടർ  പറയാൻ  സമ്മതിച്ചില്ല , കയ്യിലിരുന്ന  പഴയ  മരുന്നിന്റെ  കുറിപ്പടി  കീറിക്കളഞ്ഞു  പുതിയതെഴുതുമ്പോൾ  അയാൾ  എന്നാലും  പറയാമായിരുന്നു . ഇടയിൽ  കേറി  സംസാരിക്കുന്നതു   ശരിയല്ല  ഡോക്‌ടർ  സംസാരിച്ചു  തീരട്ടെ  എന്ന്  കരുതി . എന്റെ  സംസാരം  തീരില്ല  അതൊരു  ശീലായിപ്പോയി  ! പിന്നെ  ഇതിൽ  കുറെ  യോഗ  നിർദേശങ്ങളും . തിരിച്ചു  കാറിൽ  കേറുമ്പോൾ   കൂടെ  വന്നയാളോട് " നിനക്ക്  ഞാൻ  വെച്ചട്ടിണ്ടു , കണ്ട  ജ്യോൽസ്യമാരെപ്പിടിച്ചു   ഡോക്‌ടറാക്കിയാ  ദിങ്ങനിരിക്കും " ഹോ  മനുഷ്യനെ  കൊല്ലാകൊല  ചെയ്യാൻ  "                              വാൽക്കഷ്ണം  : റിക്കി  ഏറ്റ  പോലെ , 3   മാസമായി  രോഗിക്കു  തലവേദന  അനുഭവപെട്ടിട്ടില്ല . ഉദിഷ്ടകാര്യത്തിന്  ഉപകാരസ്മരണ  ഡോക്‌ടർക്ക്‌

Friday, August 4, 2017

                       വിശപ്പ്                                                                                                                    ഇതിപ്പോ  നാലാം  തവണയാണ്    അതേ  കാരണം  പറഞ്ഞു   അവനെയും  കൊണ്ട് . റോഡിൽ  നല്ല  ട്രാഫിക്ക് .  കറക്ട്  ചൈനീസ്  റെസ്റ്റോറന്റ്  പരിസരത്തു  എത്തിയതും  മുടിഞ്ഞ  ബ്ലോക്ക്  . മൂക്കിൽ , നാക്കിൽ , അന്തരീക്ഷത്തിലെവിടെയും  മുടിഞ്ഞ   ചൈനീസ്  ഫുഡിന്റെ  ഗന്ധം , ഒരാഴ്‌ച യായ്  കുട്ടി  ബ്ലാൻഡ്  ഡൈറ്റിന്റെ  പേരിൽ  പട്ടിണിയാണ് .(പൊതുവേ  പച്ചക്കറി വിരോധിയായ ആൾ)ഉടച്ചു  വെച്ച  ചോറും  , ഉരുളക്കിഴങ്ങും കാണുമ്പോൾ  അവനു  വിശപ്പില്ല . പക്ഷേ  ഇന്നലെ  മുതൽ   സ്കാനിങ്  പ്രമാണിച്ചു  പട്ടിണിക്കിട്ടു   പച്ച വെള്ളം  പോലുമില്ലാതെ  .   കാർ  നീങ്ങി  തുടങ്ങിയപ്പോൾ   അവൻ  പറഞ്ഞു  അമ്മ   ഗോതമ്പ്  ദോശ  ഉണ്ടാക്കിയാ  മതി  . നിക്കതാ  ഇഷ്ടം  !  ഞാൻ   പിന്നെ  ഒന്നും  ഓർത്തില്ല  നിക്ക്  കരച്ചിൽ  വന്നു . പോത്തു  പോലെ  വലുതായി  5 -9   ഉയരം , പതിനെട്ടു  വയസ്സായി , ഞാൻ ഒന്നും  ഓർത്തില്ല  , അവൻ പറയുന്നുണ്ടായിരുന്നു  . അമ്മാ  "  യൂ  ആർ  ഡ്രൈവിംഗ്  അറ്റ്  80 "

Wednesday, May 3, 2017

Feeling Nostalgic 😰😰

കുപ്പിവളത്തിളക്കമുള്ള  പകൽ മയക്കങ്ങൾ :                                        നാട്ടിലിലേക്കു  വിളിച്ചപ്പോളാണറിഞ്ഞത്  ഇന്നവിടെ  പെരുന്നാളാണത്രെ ! വറുതുണ്ണിയാളന്റെ  പെരുന്നാളു , കോഴിപ്പെരുന്നാളുന്നാ കുട്ട്യായിരിക്കുമ്പോ ഞങ്ങളൊക്കെ  പറയാ , പള്ളിമുറ്റത്ത്  ചാത്തൻകോഴിയെ  രണ്ടുകാലും കെട്ടിട്ടി ണ്ടാവും നേർച്ചക്കു . പിന്നെ  ലേലം  വിളിക്കും ! പാമ്പ് വരാതിരിക്കാനാ  ഈ   നേർച്ച ! പരിയാരം  പള്ളീലെ  വറീത് പുണ്യാളന്റെ  രൂപം  മേലൂക്കാരുടെ  കയ്യിൽ  നിന്നും  അടിച്ചെടുത്തതാണെന്ന്   ഐതിഹ്യം . പാവം  പുണ്യാളൻ ! 🤔🤔.  ഈ   പരിയാരംകാരുടെ  ഒരു  കാര്യം  അതു  മേലൂകാർക്ക്   പണ്ടു  മിടുക്കില്ലാഞ്ഞിട്ടാണെന്നാണ്   പരിയാരംകാരുടെ  ലോജിക്ക്  😆😆.  എന്തിനു  പറയണ്‌ , അത്‌  കാരണം  ഒരു  പെരുന്നാളും  കൂടി  കൂടാറായി . മോളേ  ഇന്ന്  പെരുന്നാളാണ്  വറുതുണ്ണിയാളന്റെ   പെരുന്നാളാണ്  എന്ന്  പറഞ്ഞപ്പോൾ  പഴയ  ചന്തവാണിഭക്കാരെയാണ്  ഓർമ്മ  വന്നത്  !  പല നിറത്തിലുള്ള  തിളങ്ങുന്ന  കുപ്പിവളകൾ !   മധ്യാഹ്ന സൂര്യൻ  നീല നിറത്തിലുള്ള  ടാർപായചൂടുപിടിപ്പിക്കുമ്പോൾ   നെറ്റിയിലെ  വിയർപ്പു തുടച്ചു കളഞ്ഞുകൊണ്ടു   ആരോഗ്യദൃഢഗാത്രന്മാരായ  ചന്തവാണിഭക്കാരുടെ  കൈകൾ പൊട്ടിച്ചിരിക്കുന്ന  കുപ്പിവളകളെ  സുന്ദരിമാരുടെ  കൈകളിലേക്ക്  കൈമാറുന്ന  സ്ഥിരം  കാഴ്ച  😂😂😂   ! ഓരോ  വളക്കും  റീലീസ്‌  പടത്തിന്റെ  പേരായിരിക്കും  !  സ്കൈലാബ് , ലിസ , തകര  അങ്ങനെ  പോകുന്നു ! ! എന്തായാലും   എന്തിനാണാവോ   ചന്തവാണിഭക്കാരെ  ഓർത്തത് ?  ഇന്ന്  മഞ്ഞ  നിറത്തിലുള്ള " തകര "  എന്ന  കുപ്പി  വള  കണ്ടു  ദാ   ഓരോന്ന്  ഓർത്തിരിക്കുന്നു  !!

Feelings

ഇന്നത്തേക്കുള്ളതായി ! ഈയിടെയായി  ഫുഡ്  ചിത്രങ്ങൾ  പോസ്റ്റാറില്ല ! ജോലിക്ക്  പോകുമ്പോൾ  ബാക്കിയുള്ളത്  എന്തു  ചെയ്തു എന്നോർത്ത് അവിടെയുള്ളോർ  ആകുലപ്പെടാറുണ്ട് ! അറിഞ്ഞുകൊണ്ട്  ആർക്കും ആശയോ മോഹമോ കൊടുക്കരുതെന്ന്  ചെറുപ്പത്തിലാരോ  പറഞ്ഞു  കേട്ടിട്ടുണ്ട് ! എന്തായാലും  ഈ  ബ്രാൽ ( വരാൽ) മീനിനെ  വിൽക്കാൻ വെച്ചിരുന്ന  ചൈനാക്കാരന്  സ്തുതി ! 🐟🐟ഇവറ്റകളെ  കണ്ട  കാലം  മറന്നു  ! കഴുകാനെടുത്തപ്പോഴാണ്   വയറിനടിയിലെ   പാറ്റേൺ  കണ്ടത് ? അപ്പോൾ  വരാൽ  അല്ല  കക്ഷിയുടെ  അളിയനായിട്ടു  വരും . വാകയെങ്കിൽ  വാക ! കഴിച്ചവർ  നല്ല  ഫ്രഷ്  ആയിരുന്നെന്നു  അഭിപ്രായപ്പെട്ടു ! അതിനു  നന്ദി ! ഈയിടെയായി  മൽസ്യമാംസാദികൾ  കഴിക്കാൻ  കഴിയാറില്ല , പ്ലേറ്റിൽ  വിളമ്പി കഴിക്കാനിരിക്കുമ്പോഴാകും    ഓരോന്നിന്റെയും  രൂപവും   ആകൃതിയുമൊക്കെ   ഓർമ്മ  വരുന്നത്  😔😔! പ്രത്യേകിച്ച്  കാർട്ടൂൺ  കഥാപാത്രങ്ങളുടെ  മുഖങ്ങൾ ! ഈ  മീനിനെ  കഴുകുമ്പോൾ  " നീമോ ' എന്ന  കുഞ്ഞു  മീനിനെ  ഓർത്തു പോയി ! ങും !എല്ലാവരും  ഭൂമിയുടെ  അവകാശികൾ  തന്നെ  !  വിഷാദം  തലയ്ക്കു പിടിച്ചു  എന്നാണാവോ  മുഴു വട്ടാവുക ??     ഇങ്ങനെയൊക്കെ  ചിന്തിച്ചിരിക്കുമ്പോൾ  ഓർത്തു   കൊട്ടേഷൻ  ജോലിക്കാരെ പറ്റി  😳😳😳 ! ഗോവിന്ദസ്വാമിയെക്കുറിച്ചും  ! മുന്നിലിരിക്കുന്ന   ഭക്ഷണസാധനങ്ങളിൽ   കാർട്ടൂൺ കഥാപാത്രങ്ങളുടെ  മുഖം സങ്കൽപ്പിച്ചു   കൊണ്ട് കുറച്ചു  കാലം കൂടി ഒരു  സസ്യഭുക്കായിരിക്കാൻ   താല്പര്യപ്പെടുന്നു ! ന്തേയ് !

Thursday, March 9, 2017

വനിതാദിനം , പിന്നെയും  പിഞ്ചുകുരുന്നുകൾ  പിച്ചിചീന്തപ്പെടുന്നു , ചിലർ  അവരുടെ  മൃതദേഹങ്ങളുടെ  മുകളിൽക്കയറി  നിന്നു  വിജയഭേരി  മുഴക്കുന്നു , മറ്റുചിലർ  കുഞ്ഞുങ്ങളെ  പ്രകൃതി വിരുദ്ധമായ പ്രക്രിയകൾക്കു  വിധേയമാക്കുന്നതിനെക്കുറിച്ചും   അതിന്റെ  ആനന്ദസുഷുപ്തിയെ ക്കുറിച്ചും  ക്ലാസ്സെടുക്കുന്നു . മറ്റൊരു കൂട്ടർ  അവരെ  കുറ്റംപറയുന്നവർക്കെതിരെ   കേസെടുക്കണമെന്ന്  പറയുന്നു . ഇതിൽ  ആർക്കാണ്   മുഴുത്ത ഭ്രാന്ത് ? ആരെ  ഏറ്റവും  മുൻപ്  തളക്കണം

Wednesday, March 1, 2017

ബ്രഹ്മചര്യം  അടിച്ചേൽപ്പിക്കേണ്ട  ഒന്നാണോ? കുട്ടികളിൽ പ്രായാധിഷ്ടിതമായ   ലൈംഗിക വിദ്യാഭ്യാസം  എന്താണ്  കൊടുക്കാൻ  പറ്റാത്തത് ?