Saturday, October 28, 2017
പാതിരാ നത്തുകൾ അഥവാ ഇന്സോമ്നിയാക്കുകൾ
പാതിരാ നത്തുകൾ അഥവാ ഇൻസോംനിയാക്കുകൾ : ഉറക്കം വരായ്മ ഇൻസോംനിയ ഒരു മാനസിക പ്രശ്നമാണ് . ഈ മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളിൽ പലതും രാത്രിയിൽ ഉണർന്നിരിക്കുന്നത് ഇരപിടിക്കാൻ വേണ്ടിയാണ് . അത് പ്രകൃതി നിയമവുമാണ് .രാത്രി ഉണർന്നിരിക്കേണ്ട പകലുറക്കം അഭിനയിക്കേണ്ടിവരുന്ന ചിലരുടെ ബയോക്ലോക്കുകൾ തല തിരിഞ്ഞു പോകും കാലക്രമത്തിൽ . ശ്ശേ ! എന്തിനാ ഈ ശാസ്ത്രം മുഴുവൻ ഇരുന്നു വിളമ്പുന്നത് ? ഒരു കാലത്തു ഉറങ്ങാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി . സന്ധ്യക്ക് വിളക്ക് വെച്ചാൽ ( പഴയ ഓട്ടു വിളക്ക് ) എട്ടാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാ വീട്ടിൽ കറൻറ് വന്നത് ) അത്താഴം കഴിച്ചു നേരെ ഉറങ്ങാൻ കിടക്കും . കിടക്കുന്നതേ ഓർമ്മ കാണുള്ളൂ . ഉറക്കത്തിൽ , എത്രയെത്ര നിറമുള്ള ഉടുപ്പുകൾ , പൂവുകൾ , പൂമ്പാറ്റകൾ അങ്ങനെ അവൾക്കില്ലാതെ പോയ പലതും വാങ്ങിച്ചു കൂട്ടി . ഏറ്റവും നല്ല ഒരോർമ്മ കൊച്ചു വെളുപ്പാൻ കാലത്തു കണ്ട ഒരു കുന്നിൻപുറം . ഒരു ചെറിയ കാട്ടുമുയൽ ഓടിപ്പോകുന്ന കാഴ്ച്ച കണ്ടു . അതിന്റെ നെറ്റിയിൽ ഒരു വെളുത്ത പാട് . അന്നും ഇന്നും നേരത്തെ എണീക്കും .കുന്നപ്പിള്ളി അമ്പലത്തില് വെളുപ്പിന് പാട്ടു വെക്കും . എണീറ്റ് വന്ന പാടെ അമ്മമ്മ പറഞ്ഞ ഒരു ചുട്ടിയാൻ മുയൽക്കുട്ടിയെ കിട്ടീട്ടുണ്ട് , അയിനെ 'അമ്മ വിട്ടിട്ടു പോയതാ . സ്വപ്നത്തിൽ കണ്ട അതേ മുയൽകുഞ്ഞു എന്നാലും കഷ്ടം തോന്നി . നെറ്റിയിൽ പാടുണ്ടായത് അതിന്റെ കുറ്റാ ? അതിന്റെ അമ്മക്ക് അയിനെ വേണ്ടാത്രേ . തീറ്റ കൊടുത്തു അതിനെ വളർത്തി . മുരുക്കിന്റെ ഇല . കറുകപ്പുല്ല് ,വലുതായപ്പോ പൊന്തയിലേക്കു തൊറന്ന് വിട്ടു . ഉറക്കത്തേപറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത് . ഈ തൊഴിലിനെറങ്ങി പൊറപ്പെടുപ്പോ അമ്മമ്മ പറഞ്ഞു അമ്മിണി ഉറക്കം കുറയും ട്ടോ . പലരും കളിയാക്കി . ഫസ്റ്റ് ഷോ കഴിഞ്ഞു തോളിലിട്ടു കൊണ്ടരണ മൊതലാ ഈ പണിക്ക് പോണ് , തമ്പുരാൻ കണ്ടു . എന്തിനു പറയണൂ ദാ ഇവിടെ എത്തി നിൽക്കുന്നു . സ്വപ്‌നം കാണുന്നതിന് ഇപ്പഴും യാതൊരു പഞ്ഞവുമില്ല . ചിലപ്പോൾ ക്ഷണിക്കാത്ത അതിഥിയെപ്പോലെ പതുങ്ങി വരുന്ന ഉറക്കം ഉള്ളിലുള്ള ആവിയേ കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും പറത്തി വിടുമ്പോൾ ചുരുണ്ടു കൂടി കിടന്നു ഇങ്ങനെ ചിന്തിക്കും , ചില പ്പോ ഉറങ്ങാതിരുന്നു ഒരു ദിവസം ഉറങ്ങി ഉറങ്ങി ഇങ്ങനെ ലോകം അവസാനിക്കണേന്നു . ഉറക്കത്തിൽ സ്വയം മറഞ്ഞു പോകുന്നവർ ഭാഗ്യവാന്മാർ , ഒന്നും അറിയണ്ടാല്ലോ . ഒരേ ഒരു സങ്കടം തല തൊട്ടു മുടി വരെ ഡോണർ വെബ് സൈറ്റിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . ചൂടോടെ കിട്ടിയാൽ മിനിമം 150 പേർക്ക് ഉപകാരപ്പെടും . ങാ തലച്ചോറിൽ. കാര്യമായിട്ടൊന്നും ഇല്ല എന്ന ഇവിടുള്ളവർ പറയുന്നത് . പക്ഷെ നല്ല കലക്കൻ സ്വപ്നങ്ങൻ ☺️☺️ കാണാൻ പറ്റീട്ടുണ്ട്. ഭാഗ്യം . ഈ പോസ്റ്റ് പാതിരാനത്തുകൾക്കു സമർപ്പിക്കുന്നു 😌😌
Subscribe to:
Post Comments (Atom)
No comments:
Post a Comment