കാണുന്നത് സത്യം എന്നാൽ കാണാൻ കഴിയാത്തതെല്ലാം മിഥ്യയെന്നല്ല . ഈയിടെയായി സ്വപ്നത്തിൽ ചില ഗന്ധങ്ങൾ കടന്നു വരുന്നു . അത് ഭൂതകാലവുമായി ബന്ധപ്പെട്ട് , നിറഞ്ഞ സന്ധ്യക്ക് വീശുന്ന കാറ്റിൽ മണക്കുന്ന പൂക്കളുടെയോ , ഒക്കെ ആവാം . പക്ഷേ ഒന്നിനും വ്യക്തമായ ഉത്തരമില്ല . പക്ഷേ അത് തിരിച്ചറിയാനാവുന്നുമുണ്ട് . പൊതുവെ സുഗന്ധങ്ങളോട് ഇഷ്ടമുള്ളത് കൊണ്ട് ആ പരിചിത ഗന്ധം ആവോളം , ആസ്വദിക്കാൻ പല പെർഫ്യൂം സ്റ്റോറുകളിലും കറങ്ങി നടന്നിട്ടുണ്ട്. പക്ഷേ , ഉള്ളിലിരിന്നു തിരിച്ചറിയാൻ കഴിയുന്നതെന്തും കണ്ടു ബോധ്യപ്പെടണമെന്നില്ല .മഞ്ഞു തുടങ്ങി സൂര്യൻ സഞ്ചാരപഥം കുറേശ്ശേ മാറ്റി മറയാൻ തുടങ്ങുന്നതോടെ പരിചിതമെന്നു തോന്നുന്ന അപൂർവ ഗന്ധങ്ങളും , ചില മങ്ങിയ നിറങ്ങളും ശ്വസിക്കുന്ന വായുവിലും , അടഞ്ഞു പോകുന്ന കണ്ണുകളിലും വിരുന്നു വരാൻ തുടങ്ങും . ഇല്ലാത്ത ഇത്തിരി വെട്ടം ഉണ്ടെന്നു വരുത്തിതീർക്കാൻ ജനാല കർട്ടനുകൾ വലിച്ചു തുറന്നിടും അപ്പോൾ സൂര്യൻ വിളറിയ ഒരു ചിരി പാസ്സാക്കും . പാതിരാപ്പണി ചെയ്യുന്നവരോട് അങ്ങേർക്ക് പണ്ടെ പുച്ഛമാ ! പിന്നേയും കണ്ണടച്ചു കിടക്കുമ്പോൾ അതാണോർമ്മ വരുന്നത് . ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായവ കാണാനോ തൊടാനോ കഴിയില്ല . പക്ഷേ അത് ഹൃദയത്തിൽ തൊട്ടറിയാൻ കഴിയും .അത് പോലെയാണ് ചില ഗന്ധങ്ങളും . ഇത് വരെ കാണാത്ത, അറിയാത്ത , കേൾക്കാത്ത സുന്ദര വസ്തുക്കൾ ഹൃദയത്തിൽ അങ്ങനെ തന്നെ ഇരുന്നു കൊള്ളട്ടെ ! അവയെ തേടിയുള്ള യാത്ര അർത്ഥശൂന്യമാണ്
Thursday, November 23, 2017
Monday, November 13, 2017
വെള്ളെഴുത്തു വിശേഷം
മധ്യവയസ്കരായ സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ ചില്ലറയല്ല . നാൽപ്പതുകഴിയുന്നതോടെ ഹോർമോണുകളുടെ അപഹാരം തുടങ്ങും . പിന്നെ ഡിപ്രെഷൻ , ഉറക്കമില്ലായ്മ , തേങ്ങാ , മാങ്ങാത്തൊലി അസ്വാസ്ഥ്യങ്ങൾ വേറെയും . ഇതൊന്നുമല്ല ഞാൻ പറഞ്ഞു വരുന്നതു . ശാരീരികമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ഒരു വൈമുഖ്യം . ഈ എന്റെ കാര്യം നോക്കൂ ! കേവലം എന്റെ കാഴ്ച്ചക്കു സാമാന്യം നല്ല കുഴപ്പം സംഭവിച്ചിട്ടു കൊല്ലം എട്ടായി . ആദ്യത്തെ രണ്ടു കൊല്ലം ഞാൻ കണ്ണട ഉപയോഗിച്ചു നല്ല കുട്ടിയായി . ആരോ പറഞ്ഞു കണ്ണട നന്നായി ചേരണു മുഖത്തിന് ന്നാ പിന്നെ വെക്കാല്ലേ ( പെണ്ണല്ലേ വര്ഗ്ഗം ) പിന്ന്യാങ്കട് വെള്ളെഴുത്തു തുടങ്ങി . ന്നാലും ഇത്ര നേരത്തെ 🙄🙄 വേണ്ടീരുന്നില്ല . കണ്ണടയൊരെണ്ണം വാങ്ങി പക്ഷേ മനസ്സിനു ചേരണില്ല . മനം പോലെ മംഗല്യം . ഒരു മാസം തികച്ചില്ല്യ . ന്റെ കോസ്‌കോ കണ്ണട താഴേ വീണു ഡിം ! പൊട്ടി . വേറൊന്നു വാങ്ങണംന്നു ആഗ്രഹംണ്ടു പക്കേങ്കില് അതു വെക്കുമ്പോ മനസ്സിലൊരു വെള്ളെഴുത്തു ഫീലാ . ഇതൊരു മാനസിക രോഗമാണോ ?? ഇതിപ്പോ ടൈപ്പ് ചെയ്യാൻ ഞാങ്കഴിച്ച പാട് നിക്കേ അറിയൂ . പണ്ടേ ബുദ്ധിയുറക്കാത്ത 'അമ്മ , ട്യൂബ് ലൈറ്റ് അമ്മ എന്നീ കുറ്റപേരുകളുള്ള അമ്മിണി നീ പൊട്ടക്കണ്ണി 'അമ്മ പേര് കൂടി ലിഷ്ട്ടിൽ ചേർക്കാതെ മര്യാദക്ക് പോയി വിഷൻ ടെസ്റ്റ് ചെയ്തു കണ്ണട വാങ്ങി വരൂ എന്നു ഉള്ളിലിരുന്നു ആരോ കുറുങ്ങുന്നുണ്ടു. ശ്ശേ ! ന്നാലും ആ വെള്ളെഴുത്തു കണ്ണട അതും ഇത്ര നേരത്തെ അടുത്ത ആഴ്ച്ച ആവട്ടെ ,
എന്തൊക്കെ കാര്യങ്ങൾ വേറെ കെടക്കണൂ ! ഞാൻ പോയി മുഖപൊസ്തകം നോക്കട്ടെ 😮😮
Tuesday, November 7, 2017
കലഹിച്ചു പ്രണയിക്കുന്നവർ
പരസ്പരം കലഹിച്ചു പ്രണയിക്കുമ്പോൾ തിരുത്തിക്കുറിക്കേണ്ടിവരുന്ന ചിലരുടെ
ആത്മഗതങ്ങൾ . നീ കാറ്റായിരിക്കയും എന്റെ ചില്ലകളിലിരുന്നു കുറുകി ആവേശം പൂണ്ടു ചുഴലിയായ് വന്നെന്നെ വിഴുങ്ങുകയും ചെയ്യുമ്പോൾ എനിക്ക് പറയാനുള്ളത് . നിനക്ക് ആവാഹിച്ചെടുക്കാൻമാത്രം ഒന്നും തന്നെ എന്നിൽ അവശേഷിപ്പിച്ചിട്ടില്ല . നീയെന്നിൽ കാണുന്ന ഈ തെളിച്ചമെല്ലാം ഞാനെന്ന ഞാനല്ലാതിരിക്കുകയും മറവിയിലേക്കു സ്വയം ഊളിയിട്ടു എരിഞ്ഞു തീരും മുൻപ് പലരാലും കുറിക്കപ്പെട്ട് പിന്നെ തനിച്ചാക്കപ്പെട്ട സുവനീയർ .അത് മാത്രം ബാക്കിയായി ഈ ഞാനെന്ന ഞാനായി തന്നെ ഇങ്ങനെ ഇരിക്കയും ചെയ്യുന്നു . എനിക്ക് ചുറ്റും ഒരു ഭൂതകാലം വിങ്ങിപൊട്ടി നിൽക്കുന്നു . ഭൂതം മാത്രമാണ് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളോട് ചങ്ങാത്തം കൂടുന്നവർ വിഡ്ഢികളാണ് . പമ്പരവിഡ്ഢികൾ . അത് കൊണ്ട് നീ മടങ്ങി പോകുക , നിനക്ക് കണ്ടു കീഴടക്കാൻ എത്ര പുതിയ തീരങ്ങൾ , തണുത്തുറഞ്ഞു പെയ്യാൻ എത്രയെത്ര പൂങ്കാവനങ്ങൾ ! അതിനാൽ കാറ്റേ മടങ്ങിപ്പോവുക !
Subscribe to:
Comments (Atom)